Wednesday, July 24, 2013

മഴയിലേയ്ക്കുള്ള യാത്ര

ജനാല തുറന്നു കിടക്കുകയാണ്. മഴ പെയ്യ്തുകൊണ്ടേയിരിക്കുന്നു. ഇലച്ചാർത്തുകളിൽ മഴത്തുള്ളികൾ ചുംബിക്കുന്നു .ആകാശവും ഭൂമിയും പ്രണയിക്കുകയാണ്. 
അമ്മ മുറ്റത്തു നട്ടു വച്ച ശംഘുപുഷ്പങ്ങളുടെ നീലക്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തൊടിയിൽ പാതി ഞെട്ടറ്റിരുന്ന മൂത്ത മാങ്ങകളെ കാറ്റുലച്ചുവീഴ്ത്തുന്നു.പുതപ്പിനടിയിൽ ,ഉറങ്ങാതെ ഞാൻ മിന്നൽ വെളിച്ചത്തിലേയ്ക്കു കണ്ണും നട്ടുകിടക്കുകയാണ്. മഴക്കാല രാത്രികൾ എനിക്കെന്നും പ്രിയപ്പെട്ടവയാണ്. പാഞ്ഞു വന്നെന്റെ പുത്തനുടുപ്പു നനയ്ക്കുന്ന കുസൃതിയിൽ തുടങ്ങിയ ഇഷ്ടം. വറ്റാൻ തുടങ്ങിയ തോടുകളിൽ സ്നേഹം കൊണ്ട് നിറച്ചപ്പോൾ തോന്നിയ ഇഷ്ടം. പിന്നെ എന്റെ പ്രണയത്തിന്റെ ചൂടിലെയ്ക്ക് കുളിരും കൊണ്ട് ചാറിയപ്പോൾ ... അങ്ങനെ അങ്ങനെ... !
ഇങ്ങനെയൊരു മഴക്കാലത്താണ് മുത്തശ്ശി മരിച്ചത്. ചുക്കി ചുളുങ്ങിയ തൊലിയും, നരച്ച മുടിയും , താത്പര്യം തോന്നാത്ത  സംസാരവുംകൊണ്ടോ, അതോ മറ്റു മുത്തശ്ശിമാരെ പോലെ കഥകൾ പറഞ്ഞു തരാത്തത് കൊണ്ടോ , അവരോട് കുട്ടിക്കാലത്ത് അധികം മമത ഞാൻ കാണിക്കാതിരുന്നത്‌! !? എങ്കിലും വളരും തോറും അവരെ ഞാൻ സ്നേഹിച്ചു തുടങ്ങി. പിന്നെ പിന്നെ ഒരുപാട് പ്രിയവും ബഹുമാനവും. പൊക്കം കുറഞ്ഞ ആ ശരീരത്തിനുള്ളിൽ നിറയെ സ്നേഹം മാത്രമുള്ള ഒരു ഹൃദയമാണെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയൊരു മഴയത്ത് ,മേഘക്കൂട്ടങ്ങളിലെ ഏതോ പുതപ്പിൽ അവരും . ആരെയും ബുദ്ധിമുട്ടിക്കാതെ,ഒരു ശ്വാസത്തിനോപ്പം ആ ജീവനും മഴയിലേയ്ക്ക്‌ അലിഞ്ഞു ചേർന്നു. പിന്നെയോരോ മഴയിലും ദൂരെയെവിടെയോ നിന്ന് ഒരു സ്നേഹത്തിന്റെ തലോടൽ പോലെ അദൃശ്യമായി നിന്ന് എന്നെ കോരിയെടുക്കുന്ന ഒരു വാത്സല്യം. അതുകൊണ്ട് തന്നെ പലപ്പോഴും മഴയ്ക്ക്‌ മുത്തശ്ശിയുടെ നിറമാണ്. 
മഴ വേർപാടാണ്, പ്രണയമാണ്, പ്രതികാരമാണ്, കണ്ണീരാണ്.. ! എത്ര ആസ്വദിച്ചാലും കൊതിതീരാത്ത മഴയിലേയ്ക്ക്‌ ഒരുനാൾ ഞാനും നടന്നടുക്കും. തോരാതെ തോരാതെ പെയ്യാൻ ... !! 

Sunday, July 21, 2013

ദാ... ആ വാനിനുമപ്പുറം

ഓരോ ദിവസവും ഓരോ നക്ഷത്രങ്ങളെ പോലെ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. തിളങ്ങിയും മങ്ങിയും കണ്ണുചിമ്മിയും. ഓരോ ദിവസവും അവളെ കൂടുതൽ സൌന്ദര്യമുള്ളവളുമാക്കിതീർത്തു. സ്വപ്‌നങ്ങൾ അവളിൽ തഴച്ചു വളരുകയും പൂവിടുകയും ചെയ്യ്തു. അമ്മയുടെ മടിയുടെ സ്നേഹച്ചൂടിൽ കഥകളൊരായിരം വിടരുകയും  അതിന്റെ സൌരഭ്യത്തിൽ പൂമ്പാറ്റയെപോലെ അവൾ പാറി നടക്കുകയും ചെയ്യ്തു. അവളുടെ ഓരോ കാല്‍ചുവടുകളും അമ്മയുടെ നെഞ്ചില്‍ ഇക്കിളിയാക്കുകയും ചെയ്യ്തു. അമ്മ അറിയാത്ത ഒന്നും തന്നെ ആ മകളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. 
ഒരു പ്രദേശമാകെ തണല്‍ വിതറുന്ന അമ്മമരത്തോടു പറ്റിചേര്‍ന്ന് അവളും വളര്‍ന്നു. അവരുടെ ബന്ധത്തിന്‍റെ ദൃഡതയില്‍ കുടുംബം വേരാഴ്ന്നു വളര്‍ന്നു. 
പൊട്ടിചിരികളുടെയും കുഞ്ഞുമ്മകളുടെയും താളത്തില്‍ ദിവസങ്ങളില്‍ ഗാനങ്ങള്‍ നിറഞ്ഞു നിന്നു. 
ഒരിക്കല്‍ അമ്മയുടെ കാലില്‍ മുഖമമര്‍ത്തി കിടന്നുകൊണ്ടവള്‍ ചോദിച്ചു ,
"അമ്മയ്ക്ക് എന്നോട് എത്രയാ ഇഷ്ടം ? "
അമ്മ ചിരിക്കുക മാത്രം ചെയ്യ്തു. 
അവള്‍ ഉത്തരത്തിനായി വാശി പിടിച്ചു . 
അമ്മ പറഞ്ഞു , " നീയെന്താ പൊന്നെ കുഞ്ഞു കുട്ടികളെ പോലെ ? നിനക്കറിഞ്ഞൂടെ അമ്മയുടെ നെഞ്ച് മുഴുവന്‍ നീയാണെന്ന്. "
അവള്‍ പറഞ്ഞു ," അത് എനിക്കറിയാം, എങ്കിലും അമ്മയുടെ സ്നേഹത്തിന് ഓരളവ് പറഞ്ഞൂടെ ?? "
അവളെ സമാധാനിപ്പിക്കാനെന്നോണം അമ്മ അവളുടെ ഇടതൂര്‍ന്ന മുടിയിലൂടെ കയ്യോടിച്ചുകൊണ്ട്  പറഞ്ഞു. " ശെരി, അമ്മയ്ക്ക് പൊന്നിനെ ഈ ആകാശത്തോളം ഇഷ്ടാണ്. " 
തൃപ്തി വരാത്തത് പോലെ അവള്‍ ചോദിച്ചു , "അത്രേ ഉള്ളു ? "
അല്‍പംനേരം മിണ്ടാതിരുന്ന് പിന്നെ അമ്മ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു , " അതിനുമപ്പുറം എന്താണെന്ന് നമുക്കറിയില്ലല്ലോ. അറിയുമ്പോ അമ്മ പറയാം അത്രത്തോളം നിന്നെ ഇഷ്ടാണെന്ന്."
അത് വെറും ഉത്തരം മാത്രമായിരുന്നുവെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു. ഒരമ്മയുടെയും സ്നേഹത്തിന് അളവുണ്ടാവില്ലെന്നു എത്രയോ നാളുകള്‍ക്കു മുന്‍പേ അമ്മ തനിക്കു മനസ്സിലാക്കിതന്നതാണെന്ന് അവളോര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട വളവുകള്‍ പോലെ , മുന്‍പെന്തെന്നു കാണിക്കാതെ നീങ്ങി. കാലങ്ങള്‍ക്ക് നിഷ്പ്രഭമാക്കാനാവാതെ അവളുടെ മുഖവും തിളങ്ങി. പൂമുഖത്തും പൂവള്ളികളിലും അമ്മയുടെ പ്രഭയും. ഒരു പ്രഭാതത്തില്‍ , അവള്‍ക്കു പതിവുള്ള കാപ്പിയും അമ്മയുടെ ചുംബനവും  മുറിയിലെത്തിയില്ല. മെല്ലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോള്‍ ഇന്നേവരെ മിടിക്കാത്തത് പോലെ ഹൃദയം മിടിച്ചു. വിരലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇത്രയും വര്‍ഷമായി തെറ്റാത്ത പതിവ് ഇന്നെന്താണ്.... ?? അവളുടെ ഉള്ളിലൊരു നെരിപ്പോട് നീറി. അമ്മയുടെ മുറിയുടെ വാതില്‍ ചാരിക്കിടന്നിരുന്നു. അച്ഛന്‍ ദൂരയാത്ര പോയതിനാല്‍ അമ്മ അല്‍പം നേരം കൂടുതല്‍ വിശ്രമിക്കുകയാവുമെന്ന സമാധാനത്തോടെ അവള്‍ വാതില്‍ തുറന്നു. മുറിയില്‍ അമ്മ ചലനമറ്റു കിടന്നു. ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അവള്‍ ബഹളമുണ്ടാക്കി അമ്മയെ വിളിച്ചു. കണ്ണുകള്‍ അമ്മ തുറന്നില്ല. 
അവളുടെ ബഹളം കേട്ട്, ചേട്ടനും മറ്റും ഓടിയെത്തി അമ്മയെ ആശുപത്രിയിലെത്തിച്ചു. രക്തസമ്മര്‍ദം കുറഞ്ഞത്‌ കൊണ്ട്, ബോധമറ്റതാണെങ്കിലും വിദഗ്തമായൊരു ചെക്ക്‌ അപ്പ്‌ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
അവള്‍ അമ്മയോട് ഒട്ടിക്കിടന്നു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. അമ്മ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "പൊന്നെന്തേ കരയുന്നത് ? അമ്മ കൂടെ തന്നെ ഇല്ലേ ? "
അമ്മയോടവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു , " അമ്മയില്ലാത്ത ഒരു പ്രഭാതം പോലും എന്‍റെ ജീവിതത്തില്‍ ഉണ്ടാവരുത് എന്നാണെന്‍റെ ആഗ്രഹം."
അമ്മ പറഞ്ഞു, " അതൊക്കെ മാറും പൊന്നെ,നിനക്കൊരു ഇണയും തുണയുമൊക്കെ ആവുമ്പോ, നീ  ജീവിക്കാന്‍ പഠിക്കും. അമ്മയെ വിട്ട്."
അവള്‍ ഏങ്ങിക്കരഞ്ഞു. അമ്മ അവളെ തുടരെ ചുംബിച്ചു. 
ആശുപത്രി വിട്ടിട്ടും അമ്മയുടെ അസ്വാസ്ഥ്യങ്ങള്‍ മാറിയില്ല. ചിലപ്പോഴൊക്കെ  അവളുടെ അമ്മയ്ക്ക് കടുത്ത പനിയും, ശരീരവേദനയുമുണ്ടായി. അവള്‍ ഓരോ രാവും പകലും അമ്മയോടൊപ്പമിരുന്നു. ദിവസങ്ങള്‍ക്കു നിറം മങ്ങുകയും, പൂമുഖത്തെ വള്ളിചെടികള്‍ വാടിവീഴുകയും ചെയ്യ്തു. 
അച്ഛന്‍ വന്നപ്പോഴേ അമ്മയെയും കൂട്ടി വിദക്ത ചികിത്സയ്ക്കായ് കൊണ്ട് പോയി. അവിടെ വച്ച് അമ്മയുടെ കരളിന്‍റെ തകരാറിനെ പറ്റിയും അത് മറ്റവയവങ്ങളെ ബാധിച്ചു തുടങ്ങിയതായും ഡോക്ടര്‍ അറിയിച്ചു. 
അമ്മയുടെ ജീവന്‍ ഒരു നൂല്‍പ്പാലത്തിലാണെന്നും ഇനിയെത്ര കാലം അമ്മയുടെ പുഞ്ചിരി കുടുംബത്തെ വിളക്കാവുമെന്നറിയില്ലെന്നുമുള്ള സത്യം അവളുടെ അച്ഛനെ മുറിവേല്‍പ്പിച്ചു. ഡോക്ടറുടെ മുറിയെ അച്ഛന്റെ കണ്ണീര്‍ മണിക്കൂറോളം നോവിലാഴ്ത്തി. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു , " എന്താ ചെയ്യാന്‍ പറ്റുന്നതെന്ന് നമുക്ക് നോക്കാം. ഒരു ശസ്ത്രക്രിയ നടത്താം , ഒന്നുകില്‍ വേദനയില്‍ നിന്നും ഒരല്‍പം മോചനം , അല്ലെങ്കില്‍ ........... " 
തീരുമാനമെടുക്കാനാവാതെ അച്ഛനിരുന്നു. എങ്കിലും അമ്മ വേദനയോടെ പുളയുന്ന കാഴ്ച അവളുടെ അച്ഛന് അസഹനീയമായതായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ സമ്മതം നല്‍കി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ , അവളുടെ അച്ഛന്റെ നെഞ്ചില്‍ ഒരായിരം മുള്ളുകളാഴുന്ന വേദനയായിരുന്നു. എങ്കിലും മുഖത്ത് സുന്ദരമായൊരു ചിരിയുടെ മൂടുപടമണിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു.  ശസ്ത്രക്രിയ അമ്മയ്ക്ക് ആശ്വാസമുണ്ടാക്കും എന്ന് പറഞ്ഞപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. 
അവളുടെ സ്വപ്നങ്ങളും, ചിന്തകളും മനസ്സും നിറയെ അമ്മയായിരുന്നു. തന്നെ മടിയില്‍ കിടത്തി  പുന്നാരിക്കുന്ന , തന്നെ വാനോളം സ്നേഹിക്കുന്ന , തന്‍റെ മുറ്റം നിറയെ പൂക്കള്‍ വിടര്‍ത്തുന്ന , വേദനയില്ലാത്ത അമ്മ. 
ശസ്ത്രക്രിയ കഴിഞ്ഞു. അവളെ പത്തു മാസം ചുമന്ന , എല്ലാ വൈകുന്നേരങ്ങളിലും തന്‍റെ തലവച്ചുറങ്ങുന്ന അമ്മയുടെ വയറിന്‍റെ ഒരു ഭാഗം അനസ്തേഷ്യ നല്‍കാതെ കീറി. ശസ്ത്രക്രിയ നടത്തി.(കരള്‍ ബാധിത രോഗമായിരുന്നതിനാല്‍ അനസ്തേഷ്യനല്‍കാന്‍ പാടില്ലായിരുന്നു) ഒപറേഷന്‍ തിയറ്ററില്‍ കയറ്റിയപ്പോള്‍ മുതല്‍ അവളുടെയും, ആ കുടുംബത്തിലെയും ഓരോ അംഗങ്ങളുടെയും ചങ്കിന്‍റെയകത്ത് ഒരു നൂറു മൃദംഗങ്ങള്‍ നിറുത്താതെ കൊട്ടി. 
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ദിവസങ്ങളിലൊന്നും അമ്മ മിണ്ടിയില്ല. ഉള്ളിന്‍റെയുള്ള് നിറയെ വേദന ചുറ്റുപിണഞ്ഞു കിടന്നു. നിശബ്ദമായ് അമ്മ അതെല്ലാം സഹിച്ചു. അവള്‍ അമ്പലങ്ങളില്‍ മണിക്കൂറുകളോളം അമ്മയ്ക്കായ് കേണു പ്രാര്‍ഥിച്ചു. കരഞ്ഞു പ്രാര്‍ഥിച്ചു. അമ്മയെ ജീവനോടെ തിരിച്ചു തന്നതില്‍ ഓരോ നിമിഷവും നന്ദി അറിയിച്ചു.അറവു ശാലയിലെയ്ക്കു നടക്കുന്ന മാടുകളെ പോലെ  വേദനയുടെയും കനത്ത മൂകതയുടെയും രണ്ടാഴ്ചകള്‍ കടന്നു പോയി. 
രണ്ടാമാഴ്ച്ചയുടെ അവസാന ദിവസം ഐ സി യു വില്‍ രണ്ടാള്‍ക്ക്‌ കയറുവാനുള്ള അനുവാദം ലഭിച്ചപ്പോള്‍, അമ്മയുടെ അടുത്തേയ്ക്ക് അവളും അച്ഛനും കയറിചെന്നു. സര്‍വ്വ വേദനയും കടലുപോലെ ഉള്ളിലൊതുക്കി അമ്മ അവളുടെ മുഖത്തേയ്ക്കു നോക്കി.അവളുടെ മുഖം നിലത്തു വീണു പോയ മുല്ലമൊട്ടു പോലെ പ്രകാശം കെട്ടതും ദുരിതപൂര്‍ണ്ണവുമായിരുന്നു. അവളുടെ കരങ്ങള്‍ കയ്യിലെടുത്ത് അമ്മ പറഞ്ഞു, "പൊന്നിനെ അമ്മയ്ക്ക് എത്രയാ ഇഷ്ടംന്നറിയ്യോ ??"  അമ്മയുടെ ചോദ്യം അവളുടെ ആഴത്തില്‍ പോയി തൊട്ടു. അവളുടെ ആഴങ്ങളില്‍  മദം പൊട്ടിയ കാട്ടാനയെ പോലെ നൊമ്പരം സര്‍വ്വം ഉഴുതു മറിച്ചു. ആ ചോദ്യത്തിന്‍ തുമ്പില്‍ അമ്മ തന്‍റെ അവസാന ശ്വാസം വലിച്ചു. സ്നേഹപൂര്‍ണ്ണമായ ആ  ചോദ്യത്തിന് ഉത്തരം കേള്‍ക്കാനോ നല്‍കാനോ നില്‍ക്കാന്‍ മരണം അമ്മയെ അനുവദിച്ചില്ല. അച്ഛന്റെ മുഖത്തേയ്ക്കു നോക്കും മുന്‍പേ അവളുടെ അമ്മയുടെ കണ്ണുകള്‍ സ്തംഭിച്ചു. അമ്മയുടെ കാല്‍ക്കല്‍ , ഞെട്ടില്‍ നിന്നും കൊഴിഞ്ഞ ഇലപോലെ അവള്‍ തളര്‍ന്നു വീണു. 
കാലം കഴിഞ്ഞു. അവള്‍ക്കു ഇണയും തുണയുമുണ്ടായി. അച്ഛനും ഹൃദയവേദനയില്‍നിന്നും മെല്ലെ പുറത്തുവന്നു. ആ മറഞ്ഞ പുഞ്ചിരിയുടെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അദ്ദേഹം പഠിച്ചു. 
ഇടയ്ക്കിടയ്ക്ക്, ചില രാത്രികളില്‍ ഉറക്കം വിട്ടവന്‍ ഉണരുമ്പോള്‍., ജനാലയിലൂടെ ആകാശത്തേയ്ക്ക് നോക്കി അവള്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അവന്‍ ചോദിച്ചു,
"നീയെന്താണീ നോക്കുന്നത് ?? "
അവള്‍ പറഞ്ഞു, " അമ്മയ്ക്കെന്നെ എത്ര ഇഷ്ടമായിരുന്നെന്നോ.. "
 അവളെ തന്‍റെ മാറോടു ചേര്‍ത്തു ചുംബിച്ചുകൊണ്ട് അവന്‍ പറഞ്ഞു , "ഹ്മം .. എനിക്കറിയാം... അതാ ആ വാനോളം... "
അവള്‍ അവന്‍റെ കണ്ണുകളുടെ അഗാധതയോളം നോക്കി പറഞ്ഞു... " അല്ല... അവസാനമായ് അമ്മ എന്നോടത് ചോദിച്ചപ്പോള്‍, അമ്മയ്ക്കറിയാമായിരുന്നു , ആ വാനിനുമപ്പുറo എന്തായിരുന്നു എന്ന്.. വേദനകള്‍ അമ്മയെ അപ്പോഴേയ്ക്കും അവിടെ എത്തിച്ചിരുന്നു...! " 
അവള്‍ പറഞ്ഞു വരുന്ന വാക്യത്തിനൊടുവില്‍ നീണ്ടൊരു വിങ്ങലുണ്ടെന്നറിഞ്ഞ്‌,പിന്നീടൊന്നും പറയാന്‍ സമ്മതിക്കാതെ, അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവന്റെ കൈകള്‍ക്കുള്ളില്‍ അവള്‍ എല്ലാം മറന്നു... ! പിറ്റേന്ന് പ്രഭാതത്തില്‍ കാപ്പിയുമായ് നടകള്‍ കയറിചെന്നപ്പോള്‍, അവളെ നോക്കി രണ്ടു വെള്ളാരംകല്ലുകള്‍ ചോദിച്ചു, " അമ്മാ... അമ്മയ്ക്ക് എന്നോട് എത്രാ ഇഷ്ടo.. ?ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു... " ദാ നോക്കൂ... ആ നീലാകാശത്തിനുമപ്പുറം എനിക്കെന്‍റെ പൊന്നിനെ ഇഷ്ടാ .... " !!
അത് കേട്ട്... ആ വെള്ളാരം കല്ലുകള്‍ പ്രകാശിച്ചു... !!!  

Saturday, July 20, 2013

ഓർമ്മകളിലെ മാർച്ച്മാസം

ഓര്‍മ്മകളിലെ മാര്‍ച്ച്‌മാസത്തിനു എന്നും നീറ്റല്‍ ഏറെയാണ്‌.. ....,. കുളിരും, കോടമഞ്ഞും പടിയിറങ്ങുമ്പോള്‍ പകലിനു ചൂട് കൂടുകയും, പരീക്ഷപ്പനിയില്‍ വിറയ്ക്കുകയും ചെയ്യുന്ന കാലം ജീവിതത്തിലെന്നും തിളച്ചു നിന്നിരുന്നു.

ജനുവരിയുടെ പുതപ്പിന്‍റെ ചൂടില്‍ നിന്നും , ഫെബ്രുവരിയിലെ സ്വെട്ടെറിന്‍റെ നനുനനുപ്പില്‍ നിന്നും നടപ്പാതകളുടെ ഉണക്കിലൂടെ സ്കൂള്‍വരാന്തയിലെത്തുവോളം മനസ്സിലൊരു കിതപ്പായിരുന്നു. 
പരീക്ഷക്കാലത്തെ അദ്ധ്യാപകന്‍റെ കയ്യിലെ നീണ്ട വടി പേടിച്ച കിതപ്പ്. ആവിപറക്കുന്ന ചോറും, തേങ്ങയരച്ച ചുവന്ന ചമ്മന്തിയും, കണ്ണിമാങ്ങ അച്ചാറും ഇലയിലാക്കി പൊതിഞ്ഞ്, അമ്മ തന്നു വിടുന്ന സ്നേഹവുംകൊണ്ട്, ഇടവഴികളും വരമ്പുകളും കടന്ന്, ഹോം വര്‍ക്ക്‌ ചെയ്യാതെ മടിപിടിച്ചുറങ്ങിയ നിമിഷങ്ങളെ ഓര്‍ത്ത്‌ വേവലാതിപ്പെട്ട്, വൈകിയെത്തുമ്പോള്‍ കണ്ണുരുട്ടി നോക്കുന്ന കണക്കുമാഷിന്‍റെ ക്ലാസ്സിലേയ്ക്ക്.
പഠിച്ചും , പഠിക്കാതെയും , മനസ്സിലാക്കാതെ വിഴുങ്ങിയും തീര്‍ത്ത പാഠങ്ങള്‍ തിന്നു തീര്‍ക്കുന്ന തിരക്കില്‍ മാര്‍ച്ച് മാസത്തിന്‍റെ തുടക്കങ്ങള്‍ മുങ്ങിത്താഴും.

പരീക്ഷകളുടെ ഇടയിലാണ് എന്‍റെ ജന്മദിനം. ജീവിതത്തില്‍ ഇന്നോളം ആഘോഷിക്കപ്പെടാതെ പോയ എന്‍റെ പിറന്നാളിനെ പലപ്പോഴും ഞാന്‍ ശപിക്കാറുണ്ടായിരുന്നു. തിരക്കുകള്‍ക്കും , തലവേദനയ്ക്കും , വെപ്രാളത്തിനും ഇടയില്‍ വന്നുപെട്ടത് കൊണ്ട്. തീവ്രമായ പഠനം തലയ്ക്കു പിടിച്ചു നടക്കുന്ന സമയത്ത് എന്താഘോഷം. കൂട്ടുകാര്‍ ചിതറിയകന്നിരിക്കുന്ന നീളന്‍ ടെസ്കുകളിലെ ചെറിയ അക്ഷരങ്ങളില്‍ പേരുകളും, വാക്കുകളും പിന്നെ അവ്യക്തമായ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ വെളുത്ത ചോക്കുകൊണ്ട് മുഴുപ്പില്‍ നമ്പറുകളും. പുതിയ പേനയും, മനസ്സ് നിറയെ തിക്കിക്കൊള്ളിച്ചു നിറച്ചു വച്ചിരിക്കുന്ന പാഠപുസ്തകത്തിലെ കടുകട്ടിയുള്ള ഗ്രഹിക്കാനാവാത്ത കൂട്ടങ്ങളും കൊണ്ട് പരീക്ഷാഹാളില്‍ നെഞ്ചിടിപ്പുമായി മാര്‍ച്ചിന്‍റെ നടുവിലത്തെ ദിനങ്ങള്‍.... എരിഞ്ഞുതീരും.

കൊച്ചു പിണക്കങ്ങളുടെയും, പരിഭവങ്ങളുടെയും , കുസൃതിയുടെയും , നീണ്ട ഒരു വര്‍ഷം കാലം കൊണ്ടുപോയത് എത്ര വേഗമാണ്. ഈ തിരിച്ചറിവിലേയ്ക്കുള്ള വിലാപയാത്രയാണ് പിന്നീടുള്ള ദിവസങ്ങളൊക്കെ. ചിരിച്ചും , ചിരിപ്പിച്ചും , മടിപിടിച്ചും , കുറ്റം പറഞ്ഞും , തല്ലുണ്ടാക്കിയും , തമാശ പറഞ്ഞും കടന്ന് പോയ വിദ്ധ്യാലയ ലോകത്തെ ഏറ്റവും വേദനാജനകമായ മാസമാണ് മാര്‍ച്ച്. സ്കൂള്‍ വിട്ട് കൂട്ടം കൂട്ടമായി നടന്നിരുന്ന ആനന്ദഭരിതമായ നാളുകള്‍ക്കും, വഴിയരികിലെ കടയില്‍ നിന്നും വാങ്ങുന്ന ലൈറ്റ് കത്തുന്ന പേനയുടെ അത്ഭുതത്തിനും, വിദ്ധ്യാലയമുറ്റത്തെ ചന്ദന നിറമുള്ള പൂക്കള്‍ വിരിയുന്ന ചെമ്പകമരത്തണലിരുന്ന് ഭക്ഷണം കഴിച്ച നല്ല നിമിഷങ്ങള്‍ക്കും വിടപറയുമ്പോള്‍ , ഓരോ മാര്‍ച്ചും നോവുണര്‍ത്താറുണ്ട്. അഞ്ചു നിലകളുള്ള സ്കൂളിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും കണ്ണെത്താത്തിടത്തോളം പാടങ്ങള്‍ ഓരോ സമയവും നിറങ്ങള്‍ മാറ്റിക്കളിച്ചിരുന്നത് ഇന്നെനിക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട കാഴ്ച്ചയിലോന്നാണ്.ഓരോ വര്‍ഷവും പിരിഞ്ഞകലുന്ന സൌഹൃദങ്ങള്‍ , നിറമിഴിയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന ദൂരങ്ങള്‍... മാര്‍ച്ചിന്‍റെ വേദനയ്ക്ക് ആഴവും, കണ്ണീരിന്‍റെ തിളക്കവും കൂട്ടുന്നു.

പിന്നെയാണ് എല്ലാം മറന്നുള്ള ആഹ്ലാദത്തിന്‍റെ നാളുകള്‍.., കൊയ്ത്തു കഴിഞ്ഞു മലര്‍ന്നുകിടക്കുന്ന പാടത്തിലൂടെ, നിറയെ മണികളുള്ള പാദസരം കിലുക്കി ഓടിനടന്ന ബാല്യം മുതല്‍ , ചിന്തകളുടെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളില്‍ , തനിയെ നഗ്നയായി നിന്ന് സ്വപ്‌നങ്ങള്‍ മുഴുവനായി ആവാഹിക്കുന്ന കൌമാരം വരെ മാര്‍ച്ചിന് ക്രൂരമായ സൌന്ദര്യമായിരുന്നു.
വീട്ടുവളപ്പില്‍ , സന്ധ്യക്ക്‌ പൂക്കുകയും , പുലരുമ്പോള്‍ ചുവക്കുകയും ചെയ്യുന്ന മാജിക്‌റോസിന്‍റെ വളരെ നനുത്ത ഗന്ധവും, വേലിപ്പടര്‍പ്പുകളില്‍ സ്വപ്നം പോലെ ആര്‍ത്തു വളരുന്ന കൊങ്ങിണികളുടെ നിഷ്കളങ്കതയും ,
മനസ്സിലിടം പിടിച്ചതും ഏതോ ഒരു മാര്‍ച്ചിന്‍റെ മുറ്റത്തുവച്ചാണ് !

കാലത്തിന്‍റെ പുസ്തകത്തില്‍ , ദിവസങ്ങള്‍ ഒരുപാട് പിന്നിലേയ്ക്ക് മറിച്ചുനോക്കുമ്പോള്‍, നക്ഷത്രങ്ങളെ തൊടുന്ന ഉയരങ്ങള്‍ വരെ പറഞ്ഞതും പറയാതെ പോയതുമായ പ്രണയകഥകള്‍ ഉയര്‍ന്നുപറക്കുന്നത് കാണാം. മഴപെയ്യുന്ന നിലാവ് അന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെയായിരുന്നു.
സമയമേറെയായി ഉറങ്ങിയാലും, അവധിയായതിനാല്‍ എനിക്ക് വഴക്ക്കിട്ടില്ലായിരുന്നു. വൈകിയുറങ്ങുന്ന ആ പാതയിലൊക്കെ നല്ല ചിത്രങ്ങളും, നല്ല സ്മരണകളും നിറഞ്ഞു നില്‍ക്കുന്ന നഷ്ടങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്.

ഇന്നീ ആധുനികതയുടെ നെറുകയില്‍ വിരസമായി നില്‍ക്കുമ്പോള്‍, മാര്‍ച്ച് വരുന്നതും, ഒന്നുമറിയാതെ കടന്നുപോകുന്നതും കാലത്തിന്‍റെ പാദത്തിനടിയില്‍ ഞെരിഞ്ഞു തീരുന്നതും പലപ്പോഴും ഞാന്‍ അറിയാറില്ല. എപ്പോഴൊക്കെയോ ,കലാലയവാതില്‍ക്കല്‍ ഞാന്‍ വച്ച് പോന്ന മനസ്സിനെയും അതിന്‍റെ ആഹ്ലാദങ്ങളെയും തേടി ചിന്തകള്‍ ചെല്ലുമ്പോഴൊക്കെ നിറചിരിയുമായി എന്‍റെയാ സ്നേഹമയികളായ അദ്ധ്യാപകരുടെ നോട്ടങ്ങളും, നഷ്ടമായ സൌഹൃദങ്ങളും എന്നെ നോക്കി നെടുവീര്‍പ്പെടാറുണ്ട്.

പതിനാലു വര്‍ഷം ഒരേ വിദ്യാലയത്തില്‍ പഠിച്ച എനിക്കേറ്റവും പ്രിയപ്പെട്ട ഒരുപാട് നിമിഷങ്ങള്‍ ,ഓര്‍മ്മകള്‍ തഴച്ചുകയറുന്ന മാമരത്തില്‍ മായ്ക്കപ്പെടാതെ ഇന്നുമുണ്ട്. തങ്കമ്മ ടീച്ചറിന്‍റെ നീളന്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങി വീണതും , സുനിടീച്ചറിന്‍റെ വടി പേടിച്ച് ബോട്ടാണിക്കല്‍ നാമങ്ങള്‍ അക്ഷരംപ്രതി കുത്തിയിരുന്നു പഠിച്ചതും , ഹര്‍ത്താല്‍ ദിവസങ്ങളില്‍ അളവറ്റു സന്തോഷിച്ചതും , എത്ര കൂട്ടിയിട്ടും ശരിയാകാത്ത കണക്കിനെ ശപിച്ച് സിന്ധു ടീച്ചറിന്‍റെ ക്ലാസ്സില്‍ തലയില്‍ കയ്യും കൊടുത്തിരുന്നതും , തോമസ്‌ സാറിന്‍റെ സോഷ്യല്‍ സ്റ്റടീസില്‍ ഒന്നാമതായി ഉത്തരം പറയാന്‍ അഹങ്കാരത്തോടെ കയ്യുയര്‍ത്തുന്നതും , പഠനത്തില്‍ മത്സരിക്കുന്ന നിലീനയെ തോല്‍പ്പിക്കാന്‍ ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയതും ,ഹെഡ്മാസ്റ്ററിന്‍റെ കഷണ്ടിത്തലയെ കമന്റ്റടിക്കുന്നതും എല്ലാമൊരു മാര്‍ച്ചില്‍ പൊടുന്നനെ നിലച്ചു. പിന്നെ ... എത്രയോ മാസങ്ങള്‍ കടന്നു പോയിട്ടും ഓര്‍മ്മകളില്‍ ഇരച്ചു കയറുന്ന സംഭവബഹുലമായ മാര്‍ച്ചിന്‍റെ വറചട്ടിയിലെ പുകമണം എന്നുമൊരു നീറ്റലായി..  

ആർദ്രമായ്‌

കടന്നു പോകുന്ന ഓരോ തീരത്തും നീയുണ്ട് ..... നിന്റെ ഒരായിരം ചിന്തകളും ...
നമ്മൾ ആർത്തലച്ചു പെയ്യ്ത വിജനത... എന്റെ ചിറകുകൾക്ക് ജീവൻ പകർന്ന ആകാശം...മഞ്ഞു പൊതിയുന്ന തണുത്ത പ്രഭാതങ്ങളിലെ നിന്റെ സ്നേഹത്തിന്റെ ചൂട്... ഈണമറിയാതെ ,താളമില്ലാതെ നമ്മൾ മെനെഞ്ഞെടുത്ത കവിതകളുടെ ഏടുകൾ .. !ചാഞ്ഞു നോക്കുന്ന സൂര്യപ്രഭ.. ! അതിലും എത്രയോ തീക്ഷ്ണമായ് ജ്വലിക്കുന്ന നിന്റെ കണ്ണുകളുടെ സൌന്ദര്യം ... ! സൂര്യനെയും,നിഴലിനെയും, തീരത്തെയും, തിരകളെയും നമ്മുടെ പ്രണയത്തോട് ചേർത്തു വച്ചത് നീയാണ്... ! നമ്മിൽ എത്രയെത്ര ഋതുക്കൾ ?
നീ നടന്നകലുമ്പോൾ നിന്റെ നിഴലിനെ നോക്കി നിൽക്കാറുണ്ടായിരുന്നു ഞാൻ ... അനുവാദമില്ലാതെ നിനക്കൊപ്പം നിന്നിലൂടെ... എനിക്കതിനാവുന്നില്ലല്ലോ !
ഓർമ്മകൾ ചിതറിക്കിടക്കുന്ന തീരങ്ങൾ !
എവിടെയൊക്കെയോ ,മുത്തു നഷ്ടപ്പെട്ട ചിപ്പി പോലെ ,ഒരു കടലിരമ്പം മാത്രം ബാക്കിയായി... ഞാനുണ്ട്... ഈ കടൽക്കാറ്റിന്റെ ഭാഷ നിനക്കറിയാമായിരുന്നെങ്കിൽ .... നിനക്ക് മാത്രം ചേർത്തു വയ്ക്കാനാവുന്ന എന്റെ ഹൃദയത്തിന്റെ നുറുങ്ങുകൾ തേടി നീ എത്തിയേനെ ... !വീണ്ടുമീ സമുദ്രത്തിൽ കൈവരികളായ് ഒഴുകി നമ്മൾ , പിന്നൊരു മേഘമായ് ... മഴയായ്... പൂവിലും കാറ്റിലും .... ! 

ഒളിത്താവളങ്ങൾ

എനിക്കെന്നും തനിയെ ഇരിക്കാനും , ചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കാനും പ്രകൃതി കരുതിവയ്ക്കുന്ന ഓരോ താവളങ്ങളുണ്ടായിരുന്നു. വാശിയും പിണക്കവും അന്നും എനിക്കുണ്ടായിരുന്നു. ചെറിയ പിണക്കങ്ങളുടെ വലിയ ഭാരം തോരാതെ ഒഴുകുന്ന ഉരുണ്ട കവിളുകളും തുടച്ച് ചേച്ചി എന്നെ എളിയിൽ ചുമന്നുകൊണ്ടു പോകുന്ന മണ്ണിട്ട വഴികളുടെ ഇരു വശങ്ങളിൽ ചെമ്പരത്തിപ്പൂക്കൾ ചുവന്നു നിന്നു. പൂക്കൾ ചൂണ്ടിക്കാണിക്കുന്ന സ്നേഹത്തിന്റെ ചുവപ്പിൽ ഞാനറിയാതെ അടർന്നു വീണിരുന്ന എന്റെ പരിഭവങ്ങൾ. കണ്ണുകളിലേയ്ക്ക് ഉറക്കം വിരുന്നു വരുന്നത് വരെ, ചേച്ചിയുടെ കൈകളുടെ താരാട്ടിൻ ചൂടിൽ താളം പിടിച്ചിരുന്ന എന്റെ കുഞ്ഞിപ്പിണക്കം. പിച്ച വച്ചു തുടങ്ങിയപ്പോൾ അമ്മയുടെ കണ്ണുവെട്ടിച്ച് ഓടുന്നതും അതേ വഴിയിലേയ്ക്കു തന്നെ.
ചില പിണക്കങ്ങൾ തീർക്കുന്നത് തറവാട്ടിലെ തട്ടിൻ പുറത്ത് അടുക്കി വച്ചിരിക്കുന്ന പഴയ പത്രക്കെട്ടുകൾക്കിടയിലാണ്.ഏന്തി വലിഞ്ഞു മുകളിൽ കയറി നെടുവീർപ്പ് തീരും വരെ തനിച്ചിരിക്കും. പിന്നെയും എന്നെ കാത്തിരിക്കുന്ന സ്നേഹങ്ങളുടെ വെളിച്ചത്തിലേയ്ക്ക് ഇറങ്ങിവരും.
പിന്നീടാണ് എനിക്ക് സ്വപ്നം പോലോരിടം കിട്ടിയത്. പറമ്പിന്റെ അതിരു ചേർന്ന് ഒരു കുളം. പതിനാലു നടകളാണ് കുളത്തിന്. ചുറ്റും മരങ്ങളും വള്ളിപ്പടർപ്പുകളും ! അതിനിടയിലൂടെ കാറ്റിന്റെ നിശബ്ധമായ ചിറകടികളും , കുയിലും, പാട്ടും ... ! പ്രകൃതിയെ ഗാഡമായി പ്രണയിച്ചു തുടങ്ങിയത് കല്ലുപാകിയ ആ പടവുകളിൽ വച്ചാണ്. ഏകാന്തതയ്ക്കും പ്രണയത്തിനും കവിതയ്ക്കും നോവിനും കണ്ണീരിനും പ്രകൃതിയുടെ സൌന്ദര്യമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞതും ആ പടവുകളിലാണ്. അഞ്ചു നടകൾ മാത്രമേ പുറമേ കാണാൻ സാധിക്കുകയുള്ളൂ. മറ്റു നടകളിൽ വെള്ളം മൂടിക്കിടന്നു. നാലാം നടയിലിരുന്ന് കാലുകൾ വെള്ളത്തിലിട്ട് നിഴൽ നൃത്തം വയ്ക്കുന്നത് നോക്കിയിരുന്ന നിമിഷങ്ങൾ എണ്ണിയാലൊടുങ്ങില്ല. ആരുമാരും വരാത്ത , ആ കുളപ്പടവുകൾ എത്ര പുസ്തകങ്ങളുടെ ഗന്ധം ആവാഹിച്ചിട്ടുണ്ട്. ശബ്ദമില്ലാത്ത എന്റെ എത്ര പരിഭവങ്ങൾ ക്ഷമയോടെ ശ്രവിച്ചിട്ടുണ്ട്. അന്നൊന്നും എഴുതിത്തുടങ്ങിയിരുന്നില്ല ഞാൻ.
പക്ഷെ, എന്റെ തൂലികയ്ക്കു ചലനം നല്കിയതും, ഓർമ്മകൾക്ക് നൊമ്പരം കൂട്ടിയതും, അക്ഷരങ്ങളെ വാചാലമാക്കിയതും ആ പടവുകളാണ്.
പിന്നീട് സാഹചര്യങ്ങൾ എന്നെ കൈപിടിച്ചുകൊണ്ട് കൂട്ടിക്കൊണ്ടു പോയ ലോകത്തിന്റെ ഒരു കോണിലും ഞാനാ കുളിർമ്മയോ സൌന്ദര്യമോ അനുഭവിച്ചിട്ടില്ല ,കണ്ടിട്ടുമില്ല.
ചൂണ്ടിക്കാണിക്കാൻ സ്നേഹച്ചുവപ്പോ, നെടുവീർപ്പടങ്ങാൻ കാത്തിരിക്കുന്ന പ്രകാശമോ , പഴയ പത്രക്കെട്ടുകളുടെ ഗന്ധമോ, കുളപ്പടവിന്റെ നിശബ്ധതയോ ഇല്ലെങ്കിലും ആഴങ്ങളുടെ തീരത്ത്‌ ,പൊരിവെയിലിന്റെ നാട്ടിൽ ഇന്നും ഞാൻ പരിഭവിക്കാറുണ്ട്, പിണങ്ങാറുണ്ട്.പിൻവിളികൾ കാതോർത്തുകൊണ്ട്. ഉറക്കം വരാത്ത രാത്രികളെ ശപിച്ചുകൊണ്ട്, എഴുതിത്തള്ളുന്ന വരികളിൽ പുനർജ്ജനിക്കുകയാണ് എന്നെ സ്നേഹിച്ച സ്നേഹങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ... 

ലക്ഷ്യം

ജീവിതം കൈവഴികളായ് ഒഴുകുകയാണ്.പലപ്പോഴായ് പൂർണ്ണമായും നിലച്ച ഒഴുക്കിൽ നിന്നും, വീണ്ടും ഉറവ പൊട്ടി എങ്ങോട്ടെന്നില്ലാതെ നീളുന്ന നിമിഷങ്ങൾ. ഉള്ളിലൊരു കടലുണ്ട്. ആർത്തിരമ്പുന്ന ആഴമേറിയ കടൽ. പേരറിയാത്ത മുഖങ്ങളും, അരികിലെന്നു തോന്നുമെങ്കിലും കാതങ്ങൾ ദൂരെയുള്ള പരിചിതമായ നി
ഴലുകളും അതിൽ നൊമ്പരം ചാലിക്കുന്നു. 
നിറയെ സ്വപ്നങ്ങളും,നിറങ്ങളും, പുഞ്ചിരികളും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു ഒരിക്കൽ. എവിടെയാണ് നഷ്ടമായതെന്ന് അറിയില്ല. അങ്ങനെ ഒരുവളെ തേടി തിരികെ നടക്കണമെന്നുണ്ട്. നിർഭാഗ്യവശാൽ എനിക്കതിനാവില്ലല്ലോ. സർവ്വെശ്വരന്റെ ഏതൊരു സൃഷ്ടിക്കും ഋതുക്കൾ ബാധകമാണല്ലോ. എന്നെയെങ്ങനെ അതിൽ നിന്നും ഒഴിവാക്കാനാവുമല്ലേ ? പൂക്കൾ കൊഴിഞ്ഞ്, കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളിൽ കാലം കുളിരായ് പെയ്യുമായിരിക്കും. അന്ന് ഈ ശിശിരം മറ്റൊരു വസന്തത്തിനു വാതിൽ തുറന്നു കൊടുക്കും.
ഞാൻ ചാഞ്ഞു പറക്കുന്ന ആകാശച്ചരുവുകളിലെ നീലിച്ച മൂകതകളിൽ നിലാവിന്റെ വിരലുകൾ തൊടുവാൻ കാത്തു നിൽക്കുന്ന രാത്രികൾ താണ്ടി ഈ ഭൂമിക്കുമപ്പുറമൊരു നിശ്ചലതയുണ്ടെങ്കിൽ അവിടെയാണെന്റെ ലക്ഷ്യം !

THE PURPLE HIBISCUS


2011, november 19.തണുത്ത സന്ധ്യയിൽ  തെളിഞ്ഞ ആകാശം. അന്ന് ബാംഗ്ലൂരിൽ നിന്നും ദുബായിലേയ്ക്ക് തിരിക്കുകയാണ് ഞാൻ. അത്യാവശ്യമായി ചില കാര്യങ്ങൾ തീർക്കേണ്ടിയിരുന്നതിനാൽ രണ്ടു ദിവസത്തെ ആ യാത്രയ്ക്ക് ഞാൻ നിർബന്ധിതയായിരുന്നു. അന്ന് രാത്രി തിരികെയെത്തിയാൽ പിറ്റേ ദിവസം എന്റെ പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ആകാശപ്പരപ്പുകളെ സ്വപ്നത്തിൽ കാലങ്ങളോളം ചുമന്നു നടന്ന ഞാൻ, വീണ്ടും ചിറകുകൾ വിടർത്തുകയാണ്. 
എയർപോർട്ടിൽ എത്താൻ അല്പം വൈകിയിരുന്നതിനാൽ തിടുക്കപ്പെട്ട് കൌണ്ടറുകൾ കടക്കുകയാണ്. ഇന്ത്യയിൽ നിന്നും പുറത്തേയ്ക്ക് പോ
കുന്നവർ പൂരിപ്പിക്കേണ്ട ഒരു ഫോം ഉണ്ട്. അതു കയ്യിൽ കിട്ടിയപ്പോഴാണ് പേനയെടുക്കാൻ മറന്നല്ലോ എന്നോർത്തത്. അടുത്തു നിന്ന സ്ത്രീയുടെ കയ്യിൽനിന്നും പേന വാങ്ങി. അവരൊരു ആഫ്രിക്കക്കാരിയാണ്‌.. സൌമ്യവും ദീപ്തവുമായ  മുഖം. തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ. ചുരുണ്ട മുടി. അവർക്ക് വല്ലാത്തൊരു സൌന്ദര്യമായിരുന്നു. സൌന്ദര്യത്തെക്കാളേറെ അവരുടെ മുഖത്തെ ശാന്തതയാണ് എന്നെ ആകർഷിച്ചത്. എന്തിരുന്നാലും അടുത്തിരുന്ന പുസ്തകമെടുത്തു മടിയിൽ വച്ച്, ഫോം പൂരിപ്പിച്ചു.
പേന മടക്കിക്കൊടുത്തു ഞാൻ അവരോടു നന്ദി പറഞ്ഞു. തിരികെ ഒന്നും പറഞ്ഞില്ല. നേർത്തൊരു ചിരി മാത്രം അവശേഷിപ്പിച്ച് എന്റെ കാഴ്ച്ചയിൽ നിന്നും അവർ മറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല അവരുടെ മുഖം മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. 
വീണ്ടും തിടുക്കപ്പെട്ട് ഞാൻ എന്റേതായ കാര്യങ്ങളിലേയ്ക്ക് മുഴുകി. ഫ്ലൈറ്റിൽ കയറിയതിനു ശേഷമാണ് ശ്വാസം നേരെ വീണത്‌.. , വന്ന കാര്യങ്ങൾ ഭംഗിയായി തീർക്കുമ്പോഴും മടങ്ങിപ്പോക്കിനെപറ്റിയായിരുന്നു ആവലാതി മുഴുവൻ. എങ്ങാനും വൈകിയാൽ പിറ്റേ ദിവസം അതിരാവിലെ തുടങ്ങുന്ന എന്റെ പുതിയ ജോലിയുടെ ട്രെയിനിംഗ് മുടങ്ങും. മുടങ്ങുമെന്ന് മാത്രമല്ല, ഒരുപാട് ശ്രമിച്ചും, സഹിച്ചും പൊരുതിയും കൈയ്യിൽ വന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി നഷ്ടമായെന്നും വരാം. എന്തായാലും അങ്ങനെയൊന്നും ഇനി ഉണ്ടാവില്ല. ദൈവം തുണയുണ്ട്. 
തോൾ സഞ്ചി ഒതുക്കി വയ്ക്കാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്, എയർപോർട്ടിൽ ഫോം വച്ച് പൂരിപ്പിക്കാൻ എടുത്ത പുസ്തകം തിരികെ വയ്ക്കാൻ മറന്നു. സാരമില്ല, ഇനിയിപ്പോ എന്തായാലും  തിരികെ കൊണ്ടുപോയി വയ്ക്കാൻ സാധിക്കില്ല. അപ്പോഴാണ്‌ കയ്യിലിരുന്ന പുസ്തകത്തിന്റെ തലക്കെട്ട്‌ ശ്രദ്ധയിൽപെട്ടത്. "The Purple Hibiscus". ആഴത്തിലുള്ള അർത്ഥമോ ,ചിന്തയോ ഒന്നുമില്ലെങ്കിലും ആ തലക്കെട്ട്‌ എനിക്കേറെ ഇഷ്ടമായി. എങ്കിലും ആ പുസ്തകം തുറക്കാനോ വായിക്കാനോ തോന്നിയില്ല.Chimamanda Ngozi Adichie എന്ന നൈജീരിയൻ കഥാകൃത്തിന്റെ നോവലാണ്‌ അത് എന്നു മാത്രം മനസ്സിലായി. 
ദിനങ്ങളും, ആഴ്ചകളും,മാസങ്ങളും പല മുഖങ്ങളും, വേഷങ്ങളും, കാണിച്ചു കടന്നു പോയി.ഈയിടെ ഞാൻ താമസിച്ചിരുന്ന  വീട്ടിൽനിന്നും പുതിയതിലേയ്ക്ക് ചേക്കേറി. സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ വീണ്ടും , ഈ "പർപ്പിൾ ചെമ്പരത്തി" എന്റെ  കണ്ണിൽ പെട്ടു. അന്നെന്തോ, ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ മനസ്സുതോന്നി. അലസമായി ആ പുസ്തകം തുറന്നപ്പോഴേ എനിക്ക് അതിൽ നിന്നും മറ്റൊരു നീളൻ കടലാസും ലഭിച്ചു. അതിലൂടെ കണ്ണോടിച്ച് അല്പം നേരം ഞാൻ അനക്കമില്ലാതിരുന്നു. തുടർന്ന് വായിക്കാനാവാത്ത വിധം കാഴ്ച തടസ്സപ്പെടുത്തി എന്റെ കണ്ണിലൊരു ഈറൻ മറയുണ്ടായിരുന്നു.
അന്ന് എന്റെ ശ്രദ്ധയെ ഒരു നിമിഷം പിടിച്ചു നിറുത്തിയ ആ ആഫ്രിക്കക്കാരിയുടെ ശാന്തമായ മുഖം ഞാനാ കടലാസ്സിൽ വീണ്ടും കണ്ടു.രണ്ടു വർഷങ്ങൾക്കു ശേഷo ഇന്നെന്റെ ഹൃദയത്തെ അതേ മുഖം പിടിച്ചുലച്ചിരിക്കുന്നു. അത് അവർ മറന്നു വച്ച പുസ്തകമായിരുന്നു.ശ്വാസകോശത്തെ വളരെ വഷളായി ബാധിച്ചിരിക്കുന്ന കാൻസറിന്റെ ഇരയാണവർ. ഇതു നിമിഷവും മരണപ്പെട്ടേക്കാമെന്ന തിരിച്ചറിവിലുള്ള മനസ്സിന്റെ അവസാനത്തെ അന്വേഷണമായിരുന്നോ അവരുടെ വലിയ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത അസാധാരണമായ ആ ശാന്തത ??   വായിച്ചറിഞ്ഞ സത്യം എന്നെ മുറിപ്പെടുത്തി.
ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്ന ആ കണ്ണുകളുടെ തിളക്കം ഇന്നും
ഞാൻ എത്ര വ്യക്തമായി ഓർക്കുന്നു.  
ഇന്ന് , ഇതെഴുതുന്ന സമയം പെരെന്തെന്നോ, ഏതു നാട്ടിലെന്നോ അറിയാത്ത ആ സ്ത്രീയിന്നും ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെയുണ്ടെങ്കിൽ അവർക്കെന്നും നല്ലത് വരട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു. അഥവാ, ആ ഉള്ളിലൊരു ആഴക്കടൽ നിറയുമ്പോഴും ശാന്തമായി ചിരിച്ച ആ മനസ്സും ശരീരവും ഇതിനകം മരവിച്ചിട്ടുണ്ടെങ്കിൽ , എന്റെയീ ഓർമ്മയുടെ പർപ്പിൾ പൂക്കൾ അവർക്ക് സമർപ്പിക്കുന്നു.